ഡിജിറ്റൽ/സൈബർ ലോകത്തെ നിങ്ങളുടെ ഐഡൻ്റിറ്റി
സൈബർ സ്പേസിൽ നിങ്ങളെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും കഴിയുന്ന, നിങ്ങളുമായി ബന്ധപ്പെട്ട പേര്, വിലാസം, ഇമെയിൽ ഐഡി തുടങ്ങിയവ പോലുള്ള എല്ലാ വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ ലോകത്തെ നിങ്ങളുടെ ഐഡൻ്റിറ്റിയാണ്.
മൊബൈൽ, ഇൻ്റർനെറ്റ്, ഇമെയിൽ തുടങ്ങിയവ ഡിജിറ്റൽ ലോകത്തിൻ്റെ ഭാഗമാണ്. ജീവിതം കൂടുതൽ എളുപ്പമാക്കുന്ന ഓരോ ഉപകരണത്തിനും/സാങ്കേതിക വിദ്യയ്ക്കും പിന്നിലെ ഡിജിറ്റൽ ലോകത്തിൽ, നിങ്ങളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്ന ചതിക്കുഴികളുമുണ്ട്.
എന്താണ് ഐഡൻ്റിറ്റി മോഷണം?
പേര്, ഫോൺ നമ്പർ, സ്കൂൾ വിശദാംശം, ഇമെയിൽ ഐഡി, ജനനതീയതി, വിലാസം, തിരിച്ചറിയൽ കാർഡ് നമ്പർ, ആധാർ കാർഡ് വിശദാംശം, പാസ്‌പോർട്ട് വിവരങ്ങൾ, യാത്രാ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശം, വിരലടയാളങ്ങൾ, ശബ്ദ മാതൃകകൾ തുടങ്ങിയവ പോലുള്ള നിങ്ങളുടെ വ്യക്തിഗത അഥവാ സാമൂഹിക തിരിച്ചറിയൽ വിവരങ്ങൾ മോഷ്ടിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്നതാണ് ഐഡൻ്റിറ്റി മോഷണം.
എന്തുകൊണ്ടാണ് ഇത് പ്രധാനം?
ഏതുസമയത്തും ആരും ഐഡൻ്റിറ്റി മോഷണത്തിന് ഇരയാകാം. ഇത് പല രൂപത്തിലും ഭാവത്തിലും സംഭവിക്കുന്നു. നിങ്ങളോ മാതാപിതാക്കളോ കുടുംബാംഗങ്ങളോ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ടമാകുവാൻ ഇത് ഇടയാക്കും. ലോകത്തിൽ ജീവിക്കുമ്പോൾ നാം നമ്മുടെ സുരക്ഷയ്ക്ക് എപ്പോഴും പ്രാധാന്യം നൽകുന്നു. അതുപോലെ തന്നെ സൈബർ ലോകത്തെ സുരക്ഷയ്ക്കും നാം പ്രാധാന്യം നൽകണം. ഭൗതിക ലോകം പോലെ തന്നെ സൈബർ ലോകവും മികച്ചതാണ്. എന്നാൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ രണ്ടിലും അപകടസാധ്യതയുണ്ട്. യഥാർത്ഥത്തിൽ, ഡിജിറ്റൽ സ്പേസിൽ നിങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സംരക്ഷിക്കാൻ അധിക മുൻകരുതലുകളും പ്രതിരോധന നടപടികളും സ്വീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ ഐഡൻ്റിറ്റി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ആർക്കും തടുക്കാനാവാത്ത രീതിയിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, അവയ്ക്ക് ഇരയാകാതെ സ്വയം സംരക്ഷിക്കുന്നതാണ് നല്ലത്. ചികിത്സയെക്കാൾ പ്രതിരോധമാണ് എപ്പോഴും നല്ലത്.
എങ്ങനെയാണ് ഐഡൻ്റിറ്റി മോഷണം ഉണ്ടാകുന്നത്?
വ്യക്തികളുടെ ഐഡൻ്റിറ്റി മോഷ്ടിക്കാൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന വിവിധ മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു.
- വ്യക്തിഗത വിവരങ്ങൾ അഭ്യർത്ഥിച്ച് കൊണ്ട് റസ്റ്റോറൻ്റുകളിൽ നിന്ന് ലഭിക്കുന്ന സർവേ ഫോമുകളിലും ഷോപ്പിംഗ് മാൾ/സിനിമ തീയറ്ററുകളിൽ നിന്ന് ലഭിക്കുന്ന ലക്കി കൂപ്പണുകളിലും നൽകുന്ന ഡാറ്റ.
- വിവര മോഷ്ടാക്കൾ നിങ്ങളുടെ സംഭാഷണം കേൾക്കുന്നുവെന്നും കേൾക്കുന്ന വിവരങ്ങൾ തട്ടിപ്പിനായി ഉപയോഗിക്കാമെന്നും ശ്രദ്ധിക്കാതെ, പരസ്യ സ്ഥലങ്ങളിൽ വെച്ച് വ്യക്തിപരമോ കുടുംബപരമോ ആയ കാര്യങ്ങൾ ഫോണിലോ നേരിട്ടോ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടുന്ന ഡാറ്റ.
- സൂപ്പർ മാർക്കറ്റിലോ മെഡിക്കൽ സ്റ്റോറിലോ മാളിലെ റീട്ടെയിൽ ചെയിനിലോ ഷോപ്പിംഗിന് ശേഷം നൽകുന്ന ഡാറ്റ
- ഇമെയിൽ, വാട്ട്‌സാപ്പ്, എസ്എംഎസ് എന്നിവയിലൂടെ ക്യാഷ് പ്രൈസിൻ്റെയോ ലോട്ടറിയുടെയോ ജോലി വാഗ്‌ദാനത്തിൻ്റെയോ പേരിൽ മെയിലായോ സന്ദേശമായോ ശേഖരിക്കുന്ന ഡാറ്റ. അംഗീകൃതമാണെന്ന് തോന്നാനായി യഥാർത്ഥ വെബ്‌സൈറ്റിന് സമാനമായ ലോഗോകൾ അടങ്ങിയ മെയിലാണ് അയയ്ക്കുക. ഇതിലൂടെ, മറ്റൊരു പേജിലേക്ക് റീഡയറക്റ്റ് ചെയ്യുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ അവർ ആവശ്യപ്പെട്ടേക്കാം. ആ പേജിൽ നിങ്ങളുടെ പാസ്‌വേഡ്, ഒടിപി തുടങ്ങിയവ പോലുള്ള അതിപ്രധാന വ്യക്തിഗത വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു.
- ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകൾ, ഇ-കൊമേഴ്സ് സൈറ്റുകൾ, ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ക്രിമിനലുകൾ ആക്സസ് ചെയ്ത്, ആ വിവരങ്ങൾ അവരുടെ ലാഭത്തിനായി നിങ്ങൾക്ക് എതിരെ ഉപയോഗിക്കുന്നു.
- ഐഡൻ്റിറ്റി മോഷ്ടാവ് വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലെ വിവിധ പ്രൊഫൈലുകളിലേക്ക് കടന്നുവരുന്നു. ഇതിൽ നിന്ന് എളുപ്പത്തിൽ വഞ്ചിതരാകാൻ സാധ്യതയുള്ള പ്രൊഫൈലുകൾ തിരഞ്ഞെടുത്ത്, അവയിലേക്ക് ‘സൗഹൃദ’ അഭ്യർത്ഥന അയയ്ക്കുന്നു. ഇതിലൂടെ ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യും. വിശ്വസ്ത സുഹൃത്താണെന്ന് തോന്നിപ്പിച്ച ശേഷം സാധ്യമായ എല്ലാ ടാർജറ്റുകളിൽ നിന്നും അതിപ്രധാന വ്യക്തിഗത വിവരങ്ങൾ സ്വന്തമാക്കുന്നു.
- അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യാത്ത സർക്കാർ രജിസ്റ്ററുകളിലെയും പൊതു രേഖകളിലെയും ഡാറ്റ
- ശരിയായ രീതിയിൽ സുരക്ഷിതമാക്കുകയോ നിരീക്ഷിക്കുകയോ ചെയ്യാത്ത കമ്പ്യൂട്ടറിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ക്രിമിനലുകൾ ശ്രമിക്കും. അനുയോജ്യമല്ലാത്ത രീതിയിൽ കോൺഫിഗർ ചെയ്തതോ അറിയാതെ തുറന്നതോ ആയ പോർട്ടുകളിലൂടെ അല്ലെങ്കിൽ ഐഡൻ്റിറ്റി മോഷണം എളുപ്പമാക്കുന്ന അശക്തമായ പാസ്‌വേഡ് മൂലം അവർ റൂട്ടറുകൾ ആക്സസ് ചെയ്‌തേക്കാം.
- വ്യക്തിഗത വിവരങ്ങളുടെ മോഷണം മാൽവെയറിലൂടെ സംഭവിക്കാം. മെയിൽ, എസ്എംഎസ് വാട്ട്‌സാപ്പ് ലിങ്ക് എന്നിവയിലൂടെ മാൽവെയർ അയയ്‌ക്കാനാവും. വൈറസ്, സ്പൈ വെയർ, റൂട്ട്‌കിറ്റ്സ്, റിമോട്ട് ആക്സസ് ടൂൾസ് തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിൽ മാൽവെയർ വരാം.
- സ്മാർട്ട് ക്രെഡിറ്റ്/ഡെബിറ്റ് അഥവാ മറ്റ് സ്മാർട്ട് പേയ്‌മെൻ്റ് കാർഡുകളിലെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ, കാർഡ് നേരിട്ട് കാണുക പോലും ചെയ്യാതെ, ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡൻ്റിഫിക്കേഷൻ) ഉപകരണം വഴി കാർഡിലെ വിവരങ്ങൾ റീഡ് ചെയ്യാം.
ഐഡൻ്റിറ്റി മോഷണത്തിൽ നിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാം?
സൈബർ ലോകത്ത് നിങ്ങളുടെ ഐഡൻ്റിറ്റി സംരക്ഷിക്കാനും സുരക്ഷിതമായി തുടരാനുമുള്ള ചില നുറുങ്ങുകളും നടപടികളും ചുവടെ സൂചിപ്പിക്കുന്നു.
- നിങ്ങളുടെ മൊബൈൽ, കമ്പ്യൂട്ടർ, ഡിജിറ്റൽ ഉപകരണങ്ങൾ, ആപ്പുകൾ എന്നിവയ്‌ക്കെല്ലാം പ്രതീകങ്ങളും അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്ന, ഊഹിച്ച് കണ്ടെത്താൻ കഴിയാത്ത ശക്തമായ പാസ്‌വേഡുകൾ നൽകുക.
- പാസ്‌വേഡുകൾ ഇടയ്‌ക്കിടെ മാറ്റുക. മാറ്റുമ്പോൾ നേരത്തെ ഉപയോഗിച്ചതിനെക്കാൾ കൂടുതൽ വ്യത്യസ്തമായത് ഉപയോഗിക്കുക.
- വിശ്വസനീയമല്ലാത്ത വെബ്‌സൈറ്റുകളിൽ ബ്രൗസ് ചെയ്യുന്നത് ഒഴിവാക്കുക, ഐഡൻ്റിറ്റി മോഷണം ഒളിഞ്ഞിരിക്കുന്ന സംശയകരമായ ലിങ്കുകളിലും ടെക്സ്റ്റ് സന്ദേശങ്ങളിലും ക്ലിക്ക് ചെയ്യാതിരിക്കുക.
- പാസ്‌വേഡുകൾ, അക്കൗണ്ട് നമ്പറുകൾ, പിൻ നമ്പറുകൾ തുടങ്ങിയ വ്യക്തിഗതവും രഹസ്യാത്മകവുമായ വിവരങ്ങൾ ഫോണിലൂടെയോ ഇമെയിലിലൂടെയോ കൈമാറരുത്.
- വ്യക്തിഗതവും രഹസ്യാത്മകവുമായ വിവരങ്ങൾ പേപ്പർ, ബുക്ക്, മൊബൈൽ നോട്ട്സ് തുടങ്ങിയവയിൽ എഴുതിവെയ്‌ക്കരുത്.
- ഒറിജിനൽ രേഖകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ, ഐഡൻ്റിറ്റി കാർഡ്, ലൈസൻസ് തുടങ്ങിയ പ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് പകർപ്പ് കൈയ്യിൽ കരുതുക.
- ഡിജിറ്റൽ അസെറ്റ് സുരക്ഷിതമാക്കാൻ ചുവടെയുള്ളവ ഉറപ്പാക്കുക:
- ശക്തമായ ഫയർവാൾസ്
- ബാഹ്യ ആക്സസിന് വിപിഎൻ
- ഷെഡ്യുൾ ചെയ്ത മാൽവെയർ & വൈറസ് സ്കാൻ
- ഓട്ടോമാറ്റിക് വിൻഡോസും മറ്റും
- സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ
- സുരക്ഷിതമായ വയർലെസ് നെറ്റ്‌വർക്കുകൾ
- നിങ്ങളുടെ കമ്പ്യൂട്ടറിലേക്കുള്ള ഭൗതിക ആക്സസ് സുരക്ഷിതമാക്കുന്നു / നിയന്ത്രിക്കുന്നു